വയനാട്: കനത്ത മഴ തുടരുന്നതിനാൽ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു . കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (25.7.2023) അവധി പ്രഖ്യാപിച്ചത്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം വയനാട് ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. രേണു രാജ് അറിയിച്ചു. മലയോരമേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ ഉൾപ്പടെയുള്ള ദുരന്തസാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തിൽ മാറിതാമസിക്കണമെന്നും ജില്ലാകലക്ടർ അറിയിച്ചു.
ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത്താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും പുഴകളോ, തോടുകളോ മുറിച്ച് കടക്കാനോ, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ, മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാനും പാടില്ല. ശക്തമായ മഴ തുടരുന്നതിനാൽ ദുരന്ത സാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവർത്തനത്തിനുംയന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പിനും മലയോരപ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരോധനം ഏർപ്പെടുത്തി.