കോട്ടയം : ഏറ്റുമാനൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 20 ലക്ഷം രൂപയോളം വിലമതിക്കുന്ന 40 പവനിലധികം വരുന്ന സ്വർണ്ണ, വജ്രാഭരണങ്ങൾ മോഷണം പോയി.
ശനിയാഴ്ച പട്ടാപ്പകലാണ് സംഭവം. ഏറ്റുമാനൂർ തെള്ളകം പഴയാറ്റ് ജേക്കബ് എബ്രഹാമിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത തക്കം നോക്കിയാണ് മോഷണം. ഇവർ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
അലമാരയ്ക്കുള്ളിലെ ലോക്കർ കുത്തിത്തുറന്നാണ് ആഭരണങ്ങൾ കവർന്നിരിക്കുന്നത്. സ്വർണ്ണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഇത് കൃത്യമായി ഉപേക്ഷിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ മാത്രമാണ് കവർന്നിരിക്കുന്നത്.
അഞ്ച് മാസം മുമ്പായിരുന്നു ജേക്കബിന്റെ മകൻ അഭി ജേക്കബിന്റെ വിവാഹം. അഭിയുടെ ഭാര്യ അലീനയുടെയും ലില്ലിക്കുട്ടിയുടെയും സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ജേക്കബിന്റെ വീടിന്റെ ഗേറ്റ് തുറക്കുന്ന ശബ്ദം സമീപവാസികൾ കേട്ടിരുന്നു. എന്നാൽ, വീട്ടുകാർ തന്നെയാകും എന്നുള്ള നിഗമനത്തിലായിരുന്നു ഇവർ.
ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.