പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ(37) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന സ്കൂള്‍ വിദ്യാര്‍ഥികൾ അദ്ഭുതകരമായി രക്ഷപെട്ടു.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം.ഓടംതോട് ഭാഗത്ത് നിന്നും സ്കൂൾ വിദ്യാര്‍ഥികളുമായി വരുകയായിരുന്ന ഓട്ടോ കരിങ്കയം പള്ളിക്ക് സമീപം വച്ച് കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
അപകടസമയത്ത് നാലുകുട്ടികളും ഓട്ടോയിൽ ഉണ്ടായിരുന്നു. കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ സാരമായി പരിക്കേറ്റ വിജീഷയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടികളെ മംഗലംഡാമിലെ ഹെൽത്ത് വിഷൻ മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.