കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് കോളേജിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്. പ്രധാന ഗേറ്റ് തകർത്തു എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കടന്നു. തടയാൻ ശ്രമിച്ച പോലീസുകാർക്കും മർദ്ദനം.
പ്രതിഷേധം കൈവിട്ടതോടെ പോലീസ് ലാത്തി വീശി. പ്രവർത്തകരും പോലീസും തമ്മിലുള്ള സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
അധ്യാപകർ അടക്കമുള്ള കോളേജ് അധികൃതരെ ഉപരോധിച്ചുകൊണ്ട് പ്രതിഷേധത്തിലേക്ക് കടക്കാനാണ് എസ്എഫ്ഐ നീക്കം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥി ശ്രദ്ധയുടെ മരണത്തിൽ ബന്ധപ്പെട്ട അധികാരികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്.
