കൊച്ചി: നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടന് ഹരീഷ് പേങ്ങന് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് ചികില്‍സയിലായിരിക്കെയാണ് അന്ത്യം.

ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു.

കലാകാരന്റെ ചികിത്സയ്ക്ക് ധനസഹായ അഭ്യർത്ഥനയുമായി നേരത്തെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിരുന്നു. സഹായങ്ങൾ ലഭിച്ചുതുടങ്ങവെയാണ് നടന്റെ വിയോഗം. സംസ്കാരം നാളെ നെടുമ്പാശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക മനസിൽ ഇടം നേടിയ കലാകാരനാണ്.