ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ക്വാളിഫയര്‍ ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ. ഗുജറാത്തിനെ 15 റൺസിന് തോൽപ്പിച്ചാണ് ചെന്നൈ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ചെന്നൈയുടെ 172 റൺസ് പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 157 റൺസേ നേടാനായുള്ളൂ. 38 പന്തിൽ നിന്ന് 42 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിൻെറ ടോപ് സ്കോറർ. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ഗുജറാത്തിനെ തോൽപ്പിക്കാനായിട്ടില്ലെന്ന നാണക്കേടും ഇതോടെ ചെപ്പോക്കിൽ ധോണിയും സംഘവും മായിച്ചുകളഞ്ഞു.
വാലറ്റത്ത് റാഷിദ് ഖാന്‍ തകർത്തടിച്ചെങ്കിലും അവസാന രണ്ട് ഓവറിലെ 34 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സിന് നേടാനാവുന്നതായിരുന്നില്ല. ഫൈനലിലെത്താന്‍ ടൈറ്റന്‍സിന് ഒരവസരം കൂടിയുണ്ട്. ബുധനാഴ്ച ഇതേ വേദിയിൽ നടക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സ് – മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ പോരാട്ടത്തിലെ വിജയികളുമായി ഗുജറാത്തിന്റെ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഏറ്റുമുട്ടും. ചെന്നൈയുടെ 10–ാം ഐപിഎൽ ഫൈനൽ പ്രവേശമാണിത്.
