ഡൽഹി: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജകീയ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. നിർണായക മത്സരത്തിൽ 77 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ചെന്നൈ തങ്ങളുടെ പ്ലെയോഫ് സ്ഥാനം ഉറപ്പിച്ചു. 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫിലെത്തുന്ന രണ്ടാമത്തെ ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മുമ്പ് ഗുജറാത്ത് ടൈറ്റൻസ് പ്ലേയോഫീൽ സ്ഥാനം കണ്ടെത്തിയിരുന്നു. മത്സരത്തിൽ മുൻനിര ബാറ്റർമാരുടെ തകർപ്പൻ വെടിക്കെട്ട് ആയിരുന്നു ചെന്നൈക്ക് വിജയം സമ്മാനിച്ചത്.
ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ചെന്നൈ 224 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡെവോൺ കോൺവെ (51 പന്തിൽ 87)- റിതുരാജ് ഗെയ്ക്വാദ് (50 പന്തിൽ 79) സഖ്യമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ഡൽഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനാണ് സാധിച്ചത്. 58 പന്തിൽ 86 റൺസെടുത്ത ഡേവിഡ് വാർണറാണ് ടോപ് സ്കോറർ. ദീപക് ചാഹർ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
