കാഞ്ഞിരപ്പള്ളി : ഇറച്ചിക്കോഴിക്ക് തോന്നുംപടി വില ഈടാക്കി കാഞ്ഞിരപ്പള്ളിയിലെ ഒരു വിഭാഗം വ്യാപാരികൾ. ഒരു കിലോ കോഴിക്ക് 120 രൂപ മുതൽ 145 രൂപ വരെയാണ് പല കടകളിലും ഈടാക്കുന്നത്. ഈ കൊള്ളയ്ക്കെതിരെ വ്യാപക പരാതികൾ ഉയരുന്നുണ്ടെങ്കിലും അധികാരികൾക്ക് മിണ്ടാട്ടമില്ല.
കാഞ്ഞിരപ്പള്ളി ടൗൺ പരിസരത്ത് രണ്ട് കോഴിക്കടകളിൽ ഒരിടത്ത് 130 രൂപ ഈടാക്കുമ്പോൾ, മറ്റൊരു കടയിലെ ഒരു കിലോ കോഴി വില 145 രൂപയാണ്. മൊത്ത വ്യാപാര വിലയിൽ നിന്നും മാന്യമായ ലാഭ വിഹിതമെടുത്ത് വ്യാപാരം നടത്തുന്ന കോഴി വ്യാപാരികളുണ്ടെങ്കിലും ഒരു വിഭാഗം വ്യാപാരികൾ കൊള്ള ലാഭമുണ്ടാക്കുന്നു.
വ്യാപാരികൾ തോന്നിയ വില ഈടാക്കുമ്പോൾ കൃത്യമായ വിലയെന്തെന്ന് ഉപഭോക്താക്കൾക്ക് അറിയുകയുമില്ല. കടകളിൽ പ്രദർശിപ്പിച്ചിട്ടുള്ള വില വിവരപ്പട്ടികയിൽ പല കടകളിലും പല വിലകളാണ്. ഓരോ ദിവസവും മാറി മറിയുന്നതു മൂലം ആരും തർക്കിക്കാനും നിൽക്കാറില്ല.
അതേസമയം തമിഴ്നാട്ടിൽ നിന്നുള്ള കോഴികളുടെ വരവ് നിലച്ചതാണ് വില വർദ്ധിക്കാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. തങ്ങൾ കേരളത്തിലെ ഫാമുകളിൽ വളർത്തുന്ന കോഴികളാണ് വിൽക്കുന്നതെന്നും. തമിഴ്നാട്ടിൽ നിന്ന് അനധികൃതമായി കോഴികളെ എത്തിക്കുന്നവരാണ് വില കുറച്ചു വിൽക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
എന്നിരുന്നാലും, കോഴിക്കടകളിലെ പിടിച്ചുപറി സംബന്ധിച്ച പരാതി വ്യാപകമായിട്ടും അധികൃതരും കണ്ണടക്കുന്നതായും പരാതിയുണ്ട്.
