ആലപ്പുഴ: കുഞ്ചന്റെ മിഴാവുണർന്ന മണ്ണിൽ ഏകത്വയുടെ അരങ്ങുണർന്നു. കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവം ‘ഏകത്വക്ക് ‘ പ്രധാന വേദിയായ അമ്പലപ്പുഴ ഗവൺമെന്റ് കോളേജിൽ തുടക്കമായി.

കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ എ. വിഷ്ണു അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി. ചലച്ചിത്ര താരങ്ങളായ ടിനി ടോം, ആൻസൺ പോൾ എന്നിവർ വിശിഷ്ടാതിഥികളായി. കേരള സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. (ഡോ) മോഹൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാനായ എച്ച്. സലാം എം.എൽ.എ., കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാൻ, എസ്. സന്ദീപ് ലാൽ, എ.അജികുമാർ, ഡിപ്പാർട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ സിദ്ദിഖ്, കുഞ്ചൻ നമ്പ്യാർസ്മാരക സമിതി വൈസ് ചെയർമാൻ എ.ഓമനക്കുട്ടൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, സ്വാഗതസംഘം ജനറൽ കൺവീനർ എ.എ. അക്ഷയ്, കേരള സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എം. നസീം എന്നിവർ സംസാരിച്ചു.

വേർതിരിവുകളുടെ കാലത്ത് ഒരുമയുടെ കല എന്ന സന്ദേശത്തിലൂന്നിയാണ് കലോത്സവം നടക്കുന്നത്. കുഞ്ചൻ നമ്പ്യാർ, കുമാരനാശാൻ, വയലാർ രാമവർമ്മ, തകഴി ശിവശങ്കരപ്പിള്ള, നെടുമുടി വേണു, കാവാലം നാരായണപ്പണിക്കർ, ഇന്നസെന്റ്, മാമുക്കോയ എന്നിവരുടെ പേരിലാണ് കലോത്സവ വേദികൾ ഒരുക്കിയിട്ടുള്ളത്. മെയ് ഒമ്പത് വരെ എട്ട് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 117 ഇനങ്ങളിലായി അയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരിക്കും. ഉദ്ഘാടന ദിനത്തിൽ വൈകിട്ട് തിരുവാതിര, മോഹിനിയാട്ടം, കഥകളി, ഗസൽ തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറിയത്. കലാപ്രതിഭ, കലാതിലകം എന്നിവയ്ക്ക് പുറമേ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി കലാരത്നം പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്.

യുവജനോത്സവങ്ങൾ വേർതിരിവുകളുടെ രാഷ്ട്രീയത്തെ നിഷ്പ്രഭമാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവത്തിന്റെ ഉദ്ഘാടനം അമ്പലപ്പുഴയിലെ പ്രധാന വേദിയിൽ നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. ഒരുമയുടെയും ഐക്യത്തിന്റെയും വേദിയായി ഏകത്വ മാറട്ടെയെന്ന് മന്ത്രി പറഞ്ഞു. കലയുടെയും സംസ്‌കാരത്തിന്റെ ഉജ്ജ്വലമായ ഭൂമികയാണ് അമ്പലപ്പുഴ. അധികാര കേന്ദ്രങ്ങൾക്കെതിരെ ശബ്ദം ഉയർത്തിയ കുഞ്ചൻ നമ്പ്യാരുടെ നാടാണിത്. ഇവിടെ കലയുടെയും യുവത്വത്തിന്റെയും ഏകത്വശബ്ദം ഉയരുന്നത് എല്ലാവരും കേൾക്കണമെന്ന് മന്ത്രി പറഞ്ഞു.

യുവാക്കൾക്കു കല ആയിരിക്കണം ലഹരി എന്ന് വിശിഷ്ടാതിഥിയായ സിനിമ താരം ടിനി ടോം പറഞ്ഞു. ആരോഗ്യപരമായ മത്സരത്തിലൂടെ കലയെ വളർത്തിയെടുക്കാൻ മത്സരാർഥികൾ ശ്രദ്ധിക്കണം. കലയ്ക്കൊപ്പം വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സിനിമാതാരം ആൻസൺ പോൾ ആശംസ അറിയിച്ച് സംസാരിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *