മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യൂട്യൂബര്‍ മണവാളന്റെ (മുഹമ്മദ് ഷെഹീന്‍ ഷാ) കുടുംബം. മകനെ കണ്ടാല്‍ പോലും തിരിച്ചറിയാത്ത തരത്തില്‍ മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് മുഹമ്മദ് ഷഹീന്‍ ഷായുടെ കുടുംബം ആരോപിച്ചു. തൃശ്ശൂര്‍ ജില്ലാ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്. മകന്റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് ആരോപണം. നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടുകയുളളൂവെന്ന് മകനോട് ജയില്‍ അധികൃതര്‍ പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു.

വൈരാഗ്യ ബുദ്ധിയോടെയാണ് മകനോട് ജയില്‍ അധികൃതര്‍ പെരുമാറിയത്. ജയിലിന് മുന്‍പില്‍ നിന്നും മകന്‍ റീല്‍സ് എടുത്തതല്ലെന്നും പിതാവ് നൗഷാദ് പറഞ്ഞു. ഉമ്മയെയും സഹോദരിയേയും ആശ്വസിപ്പിക്കാനാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ തൃശ്ശൂര്‍ കോടതിയിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

ജയിലിലെ പ്രതികളെ കൊണ്ട് മകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. മൂന്നുതവണ മര്‍ദ്ദിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ്രതികള്‍ സ്വമേധയാ പിന്മാറി. ജയില്‍ ജീവനക്കാര്‍ ബലം പ്രയോഗിച്ചാണ് മുടി മുറിച്ചുമാറ്റിയത്. ഒരാള്‍ കഴുത്തിനു കുത്തിപ്പിടിച്ചും രണ്ടുപേര്‍ ശരീരത്തില്‍ ബലമായും പിടിച്ചാണ് മുടിയും താടിയും മുറിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഉണ്ടെന്നും കല്യാണം കഴിക്കാനുണ്ടെന്നും അതിനാല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ല. മണവാളനെ ജയിലില്‍ എത്തിച്ച ആദ്യ ദിവസം തന്നെ മുടി മുറിക്കാന്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്നെങ്കിലും മുടി മുറിക്കാന്‍ വന്ന ആള്‍ പിന്‍വാങ്ങി.

പിറ്റേദിവസം സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം എത്തിയാണ് മുടിയും താടിയും മുറിച്ചുമാറ്റിയത്. മുടി ട്രിമ്മു ചെയ്യുന്നതിനിടയില്‍ ഡ്രിമ്മര്‍ തെറ്റിക്കയറുന്നതാണ് രൂപം തന്നെ മാറാന്‍ ഇടയാക്കിയതെന്ന് വിചിത്രവാദമാണ് ജയില്‍ ഉദ്യോഗസ്ഥരുടെതെന്ന് കുടുംബം ആരോപിച്ചു.ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മണവാളന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതെന്നും കുടുംബം വ്യക്തമാക്കി.

എന്നാല്‍ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാഗമായാണെന്നാണ് വിയ്യൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. സെല്ലില്‍ മറ്റ് തടവുകാര്‍ക്ക് മണവാളന്‍ പ്രയാസമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണവാളനെ പാര്‍പ്പിച്ച സെല്ലില്‍ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളര്‍ത്തിയതിലെ സെല്ലിലുള്ള മറ്റ് തടവുകാര്‍ പരാതിയായി പറഞ്ഞു. ഒരാളുടെ മാത്രം മുടി വളര്‍ത്തി സെല്ലില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു ഇവരുടെ പരാതി. ഡ്രഗ് അഡിക്ഷന്റെ പ്രശ്‌നങ്ങള്‍ മണവാളന്‍ പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോളേജ് വിദ്യാര്‍ത്ഥികളെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷാ. 10 മാസമായി ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ഷായെ കുടകില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രതി പരിഹാസത്തോടെ പറഞ്ഞത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *