ഇന്ന് ഫെബ്രുവരി 4, ലോക കാൻസർ ദിനം. എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒന്നാണ് കാൻസർ. ലോകമെമ്പാടുമുള്ള മരണ നിരക്ക് വർധിക്കുന്നതിന് കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. പുകവലിയും മോശം ഭക്ഷണക്രമവുമാണ് കാൻസറിന്‍റെ കാര്യത്തിൽ സാധാരണയായി സംശയിക്കപ്പെടുന്നതെങ്കിലും, മറ്റ് നിരവധി കാര്യങ്ങളും കാൻസറിന് കാരണമാകുന്നുണ്ട്. അതേസമയം ജീവിതശൈലിയിലെ മാറ്റങ്ങൾ, പതിവ് പരിശോധനകൾ, നേരത്തേയുള്ള കണ്ടെത്തൽ, ചികിത്സ എന്നിവയിലൂടെ കാൻസറിനെ തടയാനാകും.
എന്താണ് ലോക കാൻസർ ദിനം?: എല്ലാ വർഷവും ഫെബ്രുവരി 4 ന് ലോക കാൻസർ ദിനമായി ആചരിക്കുന്നു. കാൻസർ പ്രതിരോധത്തിന്‍റെ ആവശ്യകത, നേരത്തേയുള്ള കണ്ടെത്തൽ, ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് സംസാരിക്കേണ്ട ഒരു പ്രധാന ദിവസമാണിത്. ‘യുണൈറ്റഡ് ബൈ യുണീക്ക്’ എന്നതാണ് ഈ വർഷത്തെ ക്യാൻസർ തീം.
ഈ പോരാട്ടത്തിൽ നമുക്കെല്ലാവർക്കും പങ്കു വഹിക്കാനുണ്ട്. ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, നമുക്ക് ഒരു മാറ്റമുണ്ടാക്കാനും കാൻസറിനെതിരെ പോരാടാൻ സഹായിക്കാനും കഴിയും.
5 അപ്രതീക്ഷിത കാർസിനോജനുകൾ: ശരീരത്തിലെ അസാധാരണവും അനിയന്ത്രിതവുമായ സെല്ലുകളുടെ വളർച്ച കൊണ്ടാണ് ക്യാൻസർ ഉണ്ടാകുന്നത്. നിങ്ങൾക്ക് കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്ന അഞ്ച് അപ്രതീക്ഷിത ഘടകങ്ങൾ എന്താണെന്ന് നോക്കാം.
- സംസ്കരിച്ച മാംസം കഴിക്കൽ
പ്രഭാതഭക്ഷണത്തിന് സോസേജുകളും റെഡി-ടു-കുക്ക് കബാബുകളും കഴിക്കാൻ ഇഷ്ടപ്പെടുന്നവരാകും നിങ്ങൾ. പക്ഷേ ഇത്തരത്തിലുള്ള മാംസം കഴിക്കുന്നതിലൂടെ കാൻസർ ബാധിക്കാനുള്ള സാധ്യത കൂടും. പ്രത്യേകിച്ച് കൊളോറെക്ടൽ കാൻസർ.
ലോകാരോഗ്യ സംഘടന (WHO) ബേക്കൺ, സോസേജുകൾ, ഹോട്ട് ഡോഗുകൾ, ഡെലി മീറ്റുകൾ തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങളെ ഗ്രൂപ്പ് 1 കാർസിനോജനുകളായി തരംതിരിച്ചിട്ടുണ്ട്. ഈ മാംസങ്ങളിൽ പലപ്പോഴും നൈട്രേറ്റുകൾ പോലുള്ള ദോഷകരമായ രാസവസ്‌തുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് കാലക്രമേണ നിങ്ങളുടെ കോശങ്ങളെ നശിപ്പിക്കും.
ഹെൽത്ത് ടിപ്പ്: കാൻസർ സാധ്യത
കുറയ്ക്കുന്നതിന്, നിങ്ങളുടെ ഭക്ഷണത്തിൽ സംസ്കരിച്ച മാംസം പരിമിതപ്പെടുത്താൻ ശ്രമിക്കുക. കൂടാതെ ലീൻ മാംസം അല്ലെങ്കിൽ സസ്യാധിഷ്ഠിതമായ ഭക്ഷണങ്ങൾ പോലുള്ള ആരോഗ്യകരമായ ഓപ്ഷനുകളിലേക്ക് മാറുക.
- നിങ്ങളുടെ ക്ലീനിങ് ഉത്പന്നങ്ങളിലെ രാസവസ്തുക്കൾ
വീട് വൃത്തിയാക്കുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ചില ഉത്പന്നങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കും. ഫ്‌താലേറ്റുകൾ, ബെൻസീൻ തുടങ്ങിയ ചില ക്ലീനിങ് സപ്ലൈകളിൽ കാണപ്പെടുന്ന രാസവസ്തുക്കൾ രക്താർബുദം, ലിംഫോമ തുടങ്ങിയ കാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
എൻവയോൺമെൻ്റൽ ഹെൽത്ത് പെർസ്പെക്റ്റീവ്സിൽ പ്രസിദ്ധീകരിച്ച ലാറ്റിന സ്ത്രീകളെക്കുറിച്ചുള്ള 2021 ലെ ഒരു പഠനം കണ്ടെത്തിയത് ഈ രാസവസ്തുക്കൾ ദീർഘകാലം ഉപയോഗിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ഹോർമോണുകളെ തടസപ്പെടുത്തുകയും ചെയ്യും. ഇവ രണ്ടും കാൻസറിന് കാരണമാകും.
ഹെൽത്ത് ടിപ്പ്:ദോഷകരമായ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിന് വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമായ ക്ലീനിങ് ഉത്പന്നങ്ങളിലേക്ക് മാറുക.
- വായു മലിനീകരണം
പുകവലി ദോഷകരമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, എന്നാൽ വായു മലിനീകരണം നിങ്ങളുടെ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ? സൂക്ഷ്മ കണികകളും (PM2.5) വായുവിലെ മറ്റ് മലിനീകരണ വസ്തുക്കളും പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 2023ൽ ജേണൽ ഓഫ് തൊറാസിക് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ശ്വാസകോശ അർബുദത്തിൻ്റെ രണ്ടാമത്തെ പ്രധാന കാരണം വായു മലിനീകരണമാണെന്ന് കണ്ടെത്തിയിരുന്നു.
ഹെൽത്ത് ടിപ്പ്:സ്വയം പരിരക്ഷിക്കുന്നതിന്, ഉയർന്ന മലിനീകരണ തോതിലുള്ള ദിവസങ്ങളിൽ പുറത്തെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക, വീടിനുള്ളിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് പരിഗണിക്കുക.
- റെഡ് മീറ്റ് അമിതമായി കഴിക്കൽ
ബീഫ്, പന്നിയിറച്ചി, മട്ടൻ തുടങ്ങിയ ചുവന്ന മാംസം പല ഭക്ഷണക്രമങ്ങളിലും സാധാരണമാണെങ്കിലും, അത് അമിതമായി കഴിക്കുന്നത് കാൻസറിനുള്ള സാധ്യത വർധിപ്പിക്കും, പ്രത്യേകിച്ച് വൻകുടൽ കാൻസർ. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ചിൽ നിന്നുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് ചുവന്ന മാംസം അന്നനാളം, കരൾ, ശ്വാസകോശം എന്നിവയിലെ കാൻസറിനുള്ള സാധ്യത 20%-60% വരെ വർധിപ്പിക്കുമെന്നാണ്.
ഹെൽത്ത് ടിപ്പ്:ആരോഗ്യകരമായ ഭക്ഷണക്രമത്തിനായി ചുവന്ന മാംസം കഴിക്കുന്നത് പരിമിതപ്പെടുത്താനും പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ തുടങ്ങിയ സസ്യാഹാരങ്ങൾ കൂടുതൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കുക.
- അമിതമായ സ്ക്രീൻ സമയം
ഇന്ന് മിക്ക ആളുകളും ജോലി, ഒഴിവുസമയം, സോഷ്യൽ മീഡിയ എന്നിവയ്ക്കായി എല്ലാ ദിവസവും സ്ക്രീനുകൾക്ക് മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കുന്നു. സ്ക്രീൻ സമയവും കാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇപ്പോഴും പഠനം നടക്കുന്നുണ്ട്. സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഉയർന്നുവരുന്ന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഫ്രോണ്ടിയേഴ്സിൽ പ്രസിദ്ധീകരിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ നിന്നുള്ള 2022ലെ ഒരു പഠനത്തിൽ, രാത്രിയിൽ നീല വെളിച്ചം എക്സ്പോഷർ ചെയ്യുന്നത് മെലറ്റോണിൻ ഉൽപാദനത്തെ തടസപ്പെടുത്തുമെന്ന് കണ്ടെത്തി, ഇത് ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതും കാൻസറിനെതിരെ സംരക്ഷണ ഗുണങ്ങളുള്ളതുമായ ഒരു ഹോർമോണാണ്. ഈ തടസം സ്തന, പ്രോസ്റ്റേറ്റ് കാൻസറുകളുടെ സാധ്യത വർധിപ്പിച്ചേക്കാം.
ഹെൽത്ത് ടിപ്പ്:അപകടസാധ്യത കുറയ്ക്കുന്നതിന്, നിങ്ങളുടെ ഉപകരണങ്ങളിൽ നീല വെളിച്ച ഫിൽട്ടറുകൾ ഉപയോഗിക്കുന്നതോ സ്ക്രീൻ സമയം കുറയ്ക്കുന്നതോ പരിഗണിക്കുക. പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുമ്പ് അമിതമായി സ്ക്രീൻ സമയം ചെലവഴിക്കരുത്.