കണ്ണൂർ : പാനൂർ വള്ള്യായി സ്വദേശി വിഷ്ണുപ്രിയയെ വീട്ടില്‍ കയറി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. ജീവപര്യന്തത്തിന് പുറമെ പത്ത് വർഷം അധികതടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തലശേരി അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. ശ്യാംജിത്ത് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷന് അഭിഭാഷകന് പറഞ്ഞു. വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു
29 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. ശ്യാംജിത്തുമായുളള സൗഹൃദം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പകയായിരുന്നു കൊലയ്ക്ക് പ്രേരിപ്പിച്ചത്. വീട്ടുകാര്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. മൂന്ന് ഫോറൻസിക് വിദഗ്ധരെയും പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തിയിരുന്നു.