സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വിവാദമായി സി.എം.ആര്‍.എല്‍ മാസപ്പടിക്കേസ് മാറിയിട്ട് കാലം കുറച്ചായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്.എഫ്.ഐ.ഒ) കുറ്റപത്രം സമര്‍പ്പിച്ചതോടെ വീണ വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. വീണയെ അറസ്റ്റു ചെയ്യേണ്ട സാഹചര്യവും ഉരുത്തിരിഞ്ഞു വന്നേക്കാം എന്നതാണ് നിലവിലെ സാഹചര്യം.

ജീവിതത്തില്‍ ഒരു പ്രതിസന്ധി ഘട്ടം വന്നാല്‍ എത്ര നിരീശ്വര വാദിയും ദൈവത്തെ വിളിക്കും എന്നു പറഞ്ഞതു പോലെ കൊടികെട്ടിയ കമ്മ്യൂണിസ്റ്റായ പിണറായി വിജയന്റെ മകള്‍ വീണ വിജയനും ജീവിതത്തില്‍ പ്രതിസന്ധി ഘട്ടം വന്നതോടെ ദൈവ വഴിയിലാണ് സഞ്ചാരം. എസ്.എഫ്.ഐ.ഒ കേസില്‍ നിന്നും രക്ഷതേടി വീണ വിജയന്‍ ക്ഷേത്രങ്ങളില്‍ പോയി കുമ്പിട്ടു പ്രാര്‍ഥനയിലാണ്. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേദിയില്‍ മുഖ്യമന്ത്രിക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനുമൊപ്പം കുടുംബ സമേതമാണ് വീണ വിജയന്‍ എത്തിയത്. ഈ വേളയിലാണ് തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥനയില്‍ വീണ മുഴുകിയത്.

അമ്മ കമലക്കൊപ്പമാണ് വീണ വിജയന്‍ തഞ്ചാവൂരിലെ പ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വീണയും സംഘവും ക്ഷേത്രദര്‍ശനം നടത്താന്‍ എത്തിയത്. ഏപ്രില്‍ മൂന്നാം തീയ്യതിയാണ് വീണയെ കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു ക്ഷേത്രദര്‍ശനം. ഈ ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *