ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവിട്ട ഭാഗം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമ മേഖലയില്‍ ലൈംഗിക ചൂക്ഷണവും ക്രിമിനൽവൽക്കരണവും അരാജകത്വവും നടക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. ചൂഷണം വ്യാപകമാണ് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

നാലരവർഷം റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ എന്തിന് അടയിരുന്നു എന്നും വി ഡി സതീശൻ ചോദിച്ചു. ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ചുമതലയാണ്. നാലരവർഷം റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ ചെയ്തത് ഗുരുതരമായ കുറ്റമാണ്. സര്‍ക്കാര്‍ നടപടി കേരളത്തിന്‌ അപമാനകരമായ കാര്യമാണ്. ക്രിമിനൽ കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കാത്തത് ക്രിമിനൽ കുറ്റം തന്നെയാണ്.

മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഇഷ്ടക്കാരെ സംരക്ഷിക്കാൻ ആണോ റിപ്പോർട്ട് മൂടി വെച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാര്‍ശകളിൽ അടിയന്തരമായി നടപടിയെടുക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed