യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഷോറൂമുകൾ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങൾ സംബന്ധിച്ച കൃത്യത ഉറപ്പുവരുത്താനാണിത്.

ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും വിശദവിവരങ്ങൾ ഷോറൂമുടമകൾ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലാണ് ലൈസൻസ് നിർബന്ധമാക്കാൻ കാരണമെന്നും ആർ.ടി.ഒ അധികൃതർ പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരമാണ് അടിയന്തര നടപടിയെന്നാണ് സൂചന.

യൂസ്‌ഡ് കാർ ഷോറൂം ഉടമകൾ ലൈസൻസ് എടുക്കണമെന്ന് കാട്ടി നോട്ടീസ് നൽകിയെങ്കിലും ആരും സഹകരിക്കാൻ തയാറായിരുന്നില്ല. തുടർന്ന്, മോട്ടോർ വാഹന വകുപ്പ് ഷോറൂമുകളിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു.

ചട്ടലംഘനം കണ്ടെത്തിയ മുപ്പതോളം ഷോറൂമുകൾക്ക് നോട്ടീസ് നൽകി. വാഹനം വിൽക്കുന്നവർ കൃത്യമായ രേഖകൾ സൂക്ഷിക്കാത്ത കാരണത്താൽ ഇവിടങ്ങളിൽനിന്ന് വാങ്ങുന്ന വാഹനങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതായും സംശയം ഉയർന്നിട്ടുണ്ട്. കൃത്യമായ വിവരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed