തിരുവനന്തപുരം: ബസ് യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 27 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. വർക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനിൽ സജീവാണ് പിടിയിലായത്.

1997 ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം. അഞ്ചൽ സ്വദേശിയായ യുവതിയെ വർക്കല പരവൂർ എന്നിവിടങ്ങളിൽ തടവിൽ പാർപ്പിച്ചു പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സ്വകാര്യ ബസിൽ കുളത്തൂപ്പുഴ ക്ഷേത്രത്തിൽ പോയി മടങ്ങിയ യുവതിയെ അഞ്ചലിൽ ഇറക്കാതെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും അവിടെ നിന്നു കാറിൽ തട്ടിക്കൊണ്ടു പോകുകയും ആയിരുന്നു. പിന്നീട് വർക്കല പരവൂർ എന്നിവിടങ്ങളിൽ വച്ച് പത്തോളം പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

സംഭവമായി ബന്ധപ്പെട്ട അന്നു തന്നെ സജീവ് അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ സജീവിനു ജാമ്യം കിട്ടി. ജാമ്യത്തിൽ ഇറങ്ങി പ്രതി പിന്നീട് കോടതിയിൽ ഹാജരായില്ല. വർക്കല സ്വദേശിയായ സജീവ് ഗൾഫിലേക്ക് പോവുകയും തിരികെയെത്തി തിരുവനന്തപുരം ചെങ്കോട്ടുകോണം എന്ന സ്ഥലത്ത് താമസം ആരംഭിക്കുകയും ചെയ്തു.

തുടരന്വേഷണത്തിനിടെ പൊലീസ് സജീവിന്റെ സഹോദരിയെ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഇയാൾ തിരുവനന്തപുരത്ത് താമസിക്കുന്ന കാര്യം മനസിലാക്കിയത്. പിന്നീട് കുറച്ചു നാളായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *