കോട്ടയം ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനം. ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. കുട്ടിയുടെ തോളിൽ ഇടിക്കുകയും കയ്യിൽ പിച്ചുകയും ചെയ്തുവെന്നാണ് ആരോപണം. ക്ലാസിന് പുറത്തുപോകാൻ അധ്യാപകൻ അനുവദിച്ചില്ലെന്നും പറയുന്നു.

അധ്യാപകന്റെ മർദ്ദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഗുണ്ടായിസമാണ് അധ്യാപകൻ ചെയ്തതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. അതേസമയം അധ്യാപകനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി മുഹമ്മദ് ഹാഷിം പറഞ്ഞു. സസ്പെൻഷൻ അടക്കമുള്ള നടപടിയാകും ആദ്യം എടുക്കുക. സ്കൂൾ പിടിഎയും അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

