കൊച്ചി : സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ നിയമിതനായി. കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് റാഫേൽ തട്ടിൽ പിതാവിനെ തെരഞ്ഞെടുത്തത്.2018 മുതൽ ഷംഷാബാദ് രൂപതയുടെ മെത്രാൻ ആണ് മാർ റാഫേൽ തട്ടിൽ.
മാർപാപ്പ അനുമതി നൽകിയതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമാണ് പ്രഖ്യാപനം നടന്നത്. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു.മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കൽ മാത്രമാണ് സിനഡിന്റെ അജൻഡയെന്നു സിറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചിരുന്നു.
സിറോ മലബാർസഭയ്ക്ക് കീഴിലുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാവരുടേയും സ്നഹവും സഹകരണവും പ്രതീക്ഷിക്കുന്നതായി റാഫേൽ തട്ടിൽ പറഞ്ഞു. മെത്രാൻ ഒരു സ്വകാര്യ സ്വത്തല്ല, എല്ലാവരും ഒപ്പമുണ്ടാകണം.കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്ന ശൈലി നമുക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നാളെ 2.30 ന് സ്ഥാനാരോഹണ ചടങ്ങ് മൗണ്ട് സെന്റ് തോമസിൽ നടക്കും.