സൈബര്‍ തട്ടിപ്പുകളും വെര്‍ച്വല്‍ അറസ്റ്റും സ്‌പാം കോളുകളും വ്യാപകമായ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റിലയന്‍സ് ജിയോ. +92 കോഡില്‍ ആരംഭിക്കുന്ന നമ്പറുകളില്‍ നിന്നുള്ള ഫോണ്‍കോളുകളും മെസേജുകളും ജാഗ്രതയോടെ കാണണം എന്നാണ് ജിയോ മെസേജിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘+92 കോഡില്‍ നിന്നും, പൊലീസ് ഓഫീസര്‍മാര്‍ എന്ന വ്യാജേനയുമുള്ള ഫോണ്‍കോളുകളും മെസേജുകളും ജാഗ്രതയോടെ കാണുക. ഇത്തരം കോളുകളും മെസേജുകളും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന നമ്പറിലോ cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യുക’- എന്നുമാണ് എസ്എംഎസിലൂടെ ഉപഭോക്താക്കളെ ജിയോ അറിയിച്ചിരിക്കുന്നത്.

വിദേശ നമ്പറുകളില്‍ നിന്ന് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വലവിരിക്കുന്ന സാഹചര്യത്തിലും പൊലീസ് ഓഫീസര്‍മാര്‍ ച‍മഞ്ഞ് പണം തട്ടുന്നത് വ്യാപകമാവുകയും ചെയ്‌തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരില്‍ പണം തട്ടുന്ന സംഭവം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അടുത്തിടെ സംഗീത സംവിധായകൻ ജെറി അമൽ ദേവ് സമാന തട്ടിപ്പിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം സമീപിച്ചതെന്നാണ് ജെറി അമല്‍ ദേവ് വ്യക്തമാക്കിയത്. 1,70,000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് അയക്കാനും ആവശ്യപ്പെട്ടു. പണം പിൻവലിക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും ഇതോടെ പണം നല്‍കിയില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

തലനാരിഴ്ക്കാണ് ജെറി അമല്‍ ദേവിന് പണം നഷ്ടമാകാതിരുന്നത്. സമാനമായി വെര്‍ച്വര്‍ അറസ്റ്റിന്‍റെ പേരിലുള്ള തട്ടിപ്പിനെ കുറിച്ച് നിരവധി പരാതികളാണ് സമീപകാലത്ത് ഉയര്‍ന്നത്. കേരളത്തിലടക്കം രാജ്യത്ത് നിരവധിയാളുകള്‍ക്ക് ഇത്തരത്തില്‍ പണം നഷ്‌ടമാവുകയും ചെയ്തു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *