കറാച്ചി: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവുമായ ഷുഐബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് ഭാര്യ. വിവാഹവാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ഷുഐബ് മാലിക് തന്നെയാണ് അറിയിച്ചത്.
ഷുഐബുമായുള്ള വിവാഹമോചനത്തെ കുറിച്ച് അഭ്യൂഹങ്ങൾക്ക് ഇടവരുത്തിക്കൊണ്ട് ദിവസങ്ങൾക്ക് മുമ്പ് സാനിയ മിർസ ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തെരഞ്ഞെടുക്കുക’ എന്നാണ് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത് .
2010ലായിരുന്നു പാക് ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ ഷുഐബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.
2022ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിൻ്റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ 20 വർഷം നീണ്ട ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല സമൂഹമാധ്യമ പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.

