സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ചായകുടിക്ക് മാത്രം പൊടിക്കുന്നത് ലക്ഷങ്ങൾ. ചീഫ് സെക്രട്ടറി എ. ജയതിലകും സംഘവും വെറും മൂന്ന് മാസം കൊണ്ട് ചായയും ലഘുഭക്ഷണവും കഴിച്ച വകയിൽ ആറ് ലക്ഷത്തിലധികം രൂപ ചെലവായെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കും മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥർക്കുമായി ലഘുഭക്ഷണം എത്തിച്ചിരുന്നത്. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വെറും 92 ദിവസങ്ങൾക്കിടയിൽ ചെലവാക്കിയത് ₹6,05,434 രൂപയാണ്.

അവധി ദിനങ്ങൾ ഒഴിവാക്കിയാൽ 72 പ്രവൃത്തി ദിനങ്ങളിൽ ഓരോ ദിവസവും ശരാശരി 8,400 രൂപയുടെ ചായയും പലഹാരവുമാണ് ഇവർ അകത്താക്കിയത്. സാധാരണക്കാരൻ്റെ ഒരു മാസത്തെ ശമ്പളം വെറും ഒരു ദിവസം കൊണ്ട് ചായ കുടിച്ചു തീർക്കുന്ന ഈ രീതി ഉദ്യോഗസ്ഥ വൃത്തങ്ങൾക്കിടയിൽ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഖജനാവ് കാലി, എങ്കിലും പണം അനുവദിച്ചു
സംസ്ഥാനം കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് സാധാരണക്കാരെ ഉപദേശിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ തന്നെ ഇത്തരത്തിൽ ഖജനാവ് മുടിപ്പിക്കുന്നത് വലിയ തിരിച്ചടിയാണ്. ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം കുടിശ്ശികയായി കിടന്ന ഈ തുക ഈ മാസം രണ്ടാം തീയതിയാണ് സർക്കാർ പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചത്.

