തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യവര്‍ജ്ജനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്യ ലഹരിയില്‍ മുക്കാനുള്ള പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ.
ധൂര്‍ത്തും അഴിമതിയും മൂലം കാലിയായ ഖജനാവ് നിറയ്ക്കാന്‍ മദ്യവരുമാനം വര്‍ധിപ്പിക്കുകയെന്ന ഒറ്റമൂലിയാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ മദ്യവില്‍പ്പനക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. അഭ്യസ്ഥ വിദ്യരായ ഐടി പ്രഫഷനലുകളെ മദ്യപാനികളാക്കി മാറ്റാനുള്ള നീക്കം അപകടകരമാണ്. എല്ലാ മാസവും ഒന്നാം തിയ്യതി ഡ്രൈ ഡേ ആചരിക്കുമ്പോള്‍ വര്‍ഷത്തില്‍ പന്ത്രണ്ട് ദിവസം സംസ്ഥാനത്ത് മദ്യ വില്‍പന മുടങ്ങുന്നത് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. വരുമാനം കൂട്ടാന്‍ ബീവറേജസ് ഔട്ട്‌ലറ്റുകള്‍ ലേലം ചെയ്യാനുള്ള സാധ്യതയും സര്‍ക്കാര്‍ തേടിയിരിക്കുകയാണ്. ഇതോടൊപ്പം മസാലചേര്‍ത്ത വൈനുകള്‍ ഉള്‍പ്പെടുത്തുന്ന സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
സമൂഹത്തിലും കുടുംബങ്ങളിലും സമാധാനം തകര്‍ക്കുന്ന ഏറ്റവും വലിയ വില്ലനായ മദ്യം സംസ്ഥാനത്ത് സുലഭമാക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സമീപകാലത്തായി ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് പെരുകുകയാണ്. തലസ്ഥാന ജില്ലയാണ് അക്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. മദ്യം സുലഭമാക്കി കേരളത്തെ ഭ്രാന്താലയമാക്കാനുള്ള നീക്കത്തിനെതിരേ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും തെരുവിലിറങ്ങുന്ന പ്രക്ഷോഭ സാഹചര്യം ഇടതു സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തരുതെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.
There is no ads to display, Please add some