നിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്ക്കെതിരേ ഉന്നയിച്ച വിമർശനങ്ങളിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു.
ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടർന്ന് സംഘടന കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയിരിക്കുന്നത്.
സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികൾ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്ന് സാന്ദ്ര പരാതി നൽകിയിരുന്നു. ഇതിനെതുടർന്ന് ഭാരവാഹികൾക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ സാന്ദ്ര കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണ് സംഘടന പ്രവർത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് പ്രതികരിച്ചത്. വനിതാ നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകൾ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര തോമസും ഷീല കുര്യനും കത്തയക്കുകയുണ്ടായി.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ സാഹചര്യത്തിൽ സിനിമാ രംഗത്തെ വനിതാ നിർമാതാക്കൾ കടന്നു പോകുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ഒരു യോഗം വിളിച്ചിരുന്നു. അതൊരു പ്രഹസനമായിരുന്നുവെന്നാണ് കത്തിൽ പറഞ്ഞത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകിയ കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംഘടന വ്യക്തമായ ഉത്തരം നൽകിയില്ലെന്നും കത്തിൽ പറഞ്ഞിരുന്നു.
There is no ads to display, Please add some