പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി ദർശനത്തിനായി ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിൽ കൂടി സൗകര്യം ഒരുക്കുന്നു. സന്നിധാനത്തെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. സന്നിധാനവും പമ്പയും കൂടാതെ, നീലിമല, അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കൽ, നെല്ലിമല, അയ്യൻമല, ളാഹ, പഞ്ഞിപ്പാറ എന്നിവിടങ്ങളിലാണ് മകരജ്യോതി കാണാൻ പുതുതായി ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കുന്നത്.

ഇതിൽ പഞ്ഞിപ്പാറ സീതത്തോട് വില്ലേജിന് കീഴിലുള്ളതാണ്. ശബരിമല, പമ്പ, ഹിൽടോപ്, നീലിമല – അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കൽ, ളാഹ എന്നിവ റാന്നി, പെരുനാട് വില്ലേജുകളിലാണ്. അയ്യൻമല, നെല്ലിമല എന്നിവ കൊല്ലമുള വില്ലേജിലുമാണ്.

പമ്പയിൽ പൊന്നമ്പലമേട് ശരിയായി കാണാവുന്നത് ഹിൽടോപ്പിലാണ്. അവിടെ മകരജ്യോതി ദർശനത്തിനായി പ്രത്യേക സുരക്ഷയൊരുക്കാൻ ശബരിമല എഡിഎം സൂരജ് ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചു.

പോലീസിന്റെ നിർദേശങ്ങൾ.

പർണശാല കെട്ടി കാത്തിരിക്കുന്നവർ അടുപ്പു കൂട്ടി തീ കത്തിക്കാനോ പാചകം നടത്താനോ പറ്റില്ല.

ബാരിക്കേഡ് മറികടക്കാനോ പൊലീസിന്റെ നിർദേശങ്ങൾ അവഗണിക്കാനോ പാടില്ല.

സുരക്ഷാ ഉപകരണങ്ങളുടെ വൈദ്യുതിബന്ധം തടസ്സപ്പെടുത്തുന്ന ഇടപെടലുകൾ ഉണ്ടാകരുത്.

കൂട്ടം തെറ്റിയവർ മൊബൈൽ ഫോണിലൂടെ സംഘാംഗങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽ അൽപം മാറി വീണ്ടും ശ്രമിക്കുക.

കൂട്ടുപിരിഞ്ഞാൽ തൊട്ടടുത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടാം.

കുട്ടികൾ കൂട്ടം വിട്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം.

കാനനപാത മറികടന്നു മകരജ്യോതി ദർശനത്തിനു കാട്ടിലേക്ക് ഇറങ്ങുന്നത് ഇഴജന്തുക്കളുടെ ഉപദ്രവത്തിന്കാരണമാകും

വിഷച്ചെടികളുടെ സ്‌പർശം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാതെ പ്രത്യേകംശ്രദ്ധിക്കണം

കയ്യിൽ വെളിച്ചമില്ലാതെ മുൻപേ പോയവരെ അനുഗമിച്ച് ഇരുട്ടിലേക്ക് കയറരുത്

Leave a Reply

Your email address will not be published. Required fields are marked *