തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷൻ കാർഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു. എല്ലാ റേഷൻ കടകളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സർവർ തകരാറിലായത്. ഇന്നലെയും മസ്റ്ററിങ് തടസപ്പെട്ടിരുന്നു. നിലവിൽ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാർഡുകളാണ് മസ്റ്ററിങ് നടത്തിയത്.

മഞ്ഞ, പിങ്ക് കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നിർബന്ധമായും നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതേതുടർന്നാണ് ഇന്നലെയും ഇന്നും നാളെയുമായി സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായി നിർത്തിവച്ച് മസ്റ്ററിങ് നടപടികൾ നടത്താൻ തീരുമാനിച്ചത്. എന്നാൽ, രണ്ടു ദിവസമായി റേഷൻ കടകളിലെല്ലാം സാങ്കേതികപ്രശ്ന‌ങ്ങൾ നേരിടുകയാണ്.

നൂറുകണക്കിനു പേരാണ് മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ രാവിലെതൊട്ട് എത്തിയത്. എന്നാൽ, സാങ്കേതിക തകരാർ കാരണം മസ്റ്ററിങ് നടത്താനാകാതെ പലരും മടങ്ങിപ്പോകുകയായിരുന്നു. കഴിഞ്ഞ ദിവസം മണിക്കൂറുകൾ കാത്തുനിന്നിട്ടും പരിഹാരമില്ലാതെയാണു പലരും മടങ്ങിയത്. ഇപ്പോഴത്തെ സർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാൻ ആകില്ലെന്ന് വ്യാപാരികൾ പറയുന്നു.

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്നലെ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചിരുന്നു. മഞ്ഞനിറമുള്ള കാർഡുകാർക്ക് സാധ്യമായാൽ മസ്റ്ററിങ് നടത്താം. അരിവിതരണവും മസ്റ്ററിങ്ങും ഒന്നിച്ചുനടത്തിയാൽ സാങ്കേതിക പ്രശ്നം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *