കേരളത്തിൽ ഇനി ബിജെപിയെ മുൻ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ നയിക്കും. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ദിവസം ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്.

തുടർന്ന് അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് നാമനിർദേശ പത്രിക നൽകുകയായിരുന്നു. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണ് അദ്ദേഹം സമർപ്പിച്ചത്. അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തത്. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

ഇന്ത്യൻ മാധ്യമ മേഖലയിൽ ഗോദി മീഡിയയുടെ സ്വാധീനം വലിയ ചർച്ചയാകുന്ന കാലത്താണ് റിപ്പബ്ലിക്ക് ടിവിയിൽ ഓഹരി പങ്കാളിത്തവും ഏഷ്യാനെറ്റ് ന്യൂസിൽ ഉടമസ്ഥതയും ഉള്ള രാജീവ് ചന്ദ്രശേഖർ ബിജെപി കേരള ഘടകത്തിൻ്റെ അധ്യക്ഷനായി വരുന്നത്. മാധ്യമ രംഗത്തെ രണ്ട് പ്രമുഖ സ്ഥാപനങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനായി എത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്.

നേരത്തെ കുംഭമേളയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിൻ്റെ എഡിറ്റോറിയൽ നിലപാടിനെതിരെ രാജീവ് ചന്ദ്രശേഖർ പരസ്യമായ പ്രതികരണം നടത്തിയതും സമീപകാലത്ത് ചർച്ചയായിരുന്നു. എഡിറ്റോറിയൽ നിലപാടുകളിൽ രാജീവ് ചന്ദ്രശേഖറിന് സ്വാധീനമുണ്ടെന്നതിൻ്റെ സൂചനയായി ഈ പ്രതികരണം വിലയിരുത്തപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed