കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂ‍‍ർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിനിടെ, ഈ വർഷത്തെ ആദ്യത്തെ മൺസൂൺ സീസൺ പ്രവചനവുമായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ്. 2025ലെ മൺസൂണിൽ രാജ്യത്ത് സാധാരണ നിലയിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസ കാലയളവിൽ ശരാശരിയായ 868.6 മില്ലിമീറ്റർ (മില്ലീമീറ്റർ) മഴ ലഭിക്കും. പശ്ചിമഘട്ടത്തിലെമ്പാടും, പ്രത്യേകിച്ച് കേരളം, തീരദേശ കർണാടക, ഗോവ എന്നിവിടങ്ങളിൽ അധിക മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യയിലെ മലയോര സംസ്ഥാനങ്ങളിലും സീസണിൽ സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കുമെന്നും പ്രവചനം പറയുന്നു.

ഈ സീസണിലെ ലാ നിന പ്രതിഭാസം ദുർബലവും ഹ്രസ്വകാലവുമായിരുന്നു. ലാ നിനയുടെ ലക്ഷണങ്ങൾ ഇപ്പോൾ ഇല്ലാതാകാൻ തുടങ്ങി. അതേസമയം, സാധാരണയായി മൺസൂണിനെ ദുർബലമാക്കുന്ന എൽ നിനോയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രവചനത്തിൽ പറയുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed