തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തത്. രാഹുലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നമില്ലെന്ന് പരിശോധനയിൽ വ്യക്‌തമായതിനെ തുടർന്നാണ് റിമാൻഡ് ചെയ്‌തത്. തിരുവനന്തപുരം ജനറൽ ആശുപ്രതിയിലായിരുന്നു മെഡിക്കൽ പരിശോധന. നേരത്തേ ഫോർട്ട് ആശുപത്രിയിലാണ് ആദ്യം മെഡിക്കൽ പരിശോധന നടത്തിയത്.
സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അക്രമകേസിലാണ് കന്റോൺമെന്റ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.
നവകേരള സദസ്സിനുനേരെ നടന്ന പ്രതിഷേധങ്ങളെ പോലീസും സി.പി.എമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബർ 20-ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കേസിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്. പോലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് കേസ്.

