കോട്ടയം: പൂവൻകോഴി ഒരെണ്ണം ഒന്നേകാൽ ലക്ഷം… ഒരുതരം… രണ്ടുതരം… സ്ഥിരപ്പെടുത്തുന്നു, മൂന്ന് തരം. ഇത് കോട്ടയം നട്ടാശ്ശേരി പൊൻപള്ളി സെയ്‌ന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ സമാപനത്തോടനുബന്ധിച്ചുള്ള കോഴി ലേലം.

പൊൻപള്ളി പുണ്യാളച്ചനുള്ള നേർച്ചയായി സമർപ്പിച്ച പൂവൻകോഴികളിൽ ആദ്യ പൂവനാണ് 1,25,101 രൂപയ്ക്ക് ലേലം ഉറപ്പിച്ചത്. ഇടവകാംഗം സോണി ജേക്കബ് രാമനാമൂലയിലാണ് ഒന്നേകാൽ ലക്ഷത്തിന് പൂവനെ സ്വന്തമാക്കിയത്. നിരവധി പൂവൻകോഴികളെ നേർച്ചയായി വിശ്വാസികൾ പള്ളിയിൽ സമർപ്പിക്കും. ലേലം തുടങ്ങുമ്പോഴുള്ള ആദ്യത്തെ കോഴിക്കാണ് വൻ ലേലത്തുക ലഭിക്കുന്നത്.

പെരുന്നാൾ കോഴി ലേലം എന്നും ഇവിടെ വാശിയേറിയതാണ്. നിരവധിയാളുകൾ ലേലത്തിൽ പങ്കെടുക്കാനും കാഴ്ചക്കാരായുമെത്തും. നൂറ് രൂപയിൽ തുടങ്ങുന്ന ലേലമാണ് ലക്ഷത്തിലേക്കെത്തുന്നത്. കഴിഞ്ഞവർഷം 60,000 രൂപയ്ക്കാണ് ഒരു പൂവൻകോഴിയുടെ ലേലത്തുക ഉറപ്പിച്ചത്. വികാരി ഫാ.ഷൈജു ജോസ് ചെന്നിക്കര, സഹവികാരി ഫാ.ജോബിൻ എബ്രഹാം, ട്രസ്റ്റി, സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു.
