കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ 2025 -26 പ്രവേശനത്തിന് ഇന്ന് വൈകുന്നേരം അഞ്ചുവരെയാണ് ഓൺലൈനായി അപേക്ഷിക്കാനാവുക. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിൻ്റെ അപേക്ഷ സമർപ്പണം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും.

മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള സമയ പരിധിയും വൈകീട്ട് അഞ്ചിന് അവസാനിക്കും. അപേക്ഷാ സമർപ്പണം പൂർത്തിയായി കഴിഞ്ഞാൽ ട്രയൽ അലോട്ട്മെൻ്റിലേക്കും അലോട്ട്മെൻ്റിലേക്ക് കടക്കും. ട്രയൽ അലോട്ട്മെൻ്റ് മെയ്‌ 24ന് വൈകുന്നേരം നാലു മണിക്ക് പ്രസിദ്ധീകരിക്കും.

കഴിഞ്ഞദിവസം വരെയുള്ള കണക്കുകൾ പ്രകാരം അപേക്ഷാ നടപടികൾ പൂർത്തികരിച്ചത് 4,44,112 പേരാണ്‌. പത്താം ക്ലാസ് യോഗ്യത നേടിയവരിൽ ഭൂരിഭാഗവും പ്രവേശന നടപടികളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. എസ്എസ്എൽസിയിൽ നിന്ന് 4,15,027 പേരും സിബിഎസ്ഇയിൽ നിന്ന് 20,897 പേരും ഐസിഎസ്ഇയിൽ നിന്ന് 2,133 പേരും മറ്റിതര ബോർഡിൽനിന്നുള്ള 6,055 പേരുമാണ് അപേക്ഷ നൽകിയത്.

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർസെക്കൻഡറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാർഥികൾക്ക്‌ കാൻഡിഡേറ്റ്‌ ലോഗിൻ സൃഷ്‌ടിക്കാം. ഈ ലോഗിനിലൂടെയാണ്‌ അപേക്ഷ സമർപ്പണവും തുടർന്നുള്ള പ്രവേശന പ്രവർത്തനങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *