കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ വെട്ടിക്കൊന്ന പ്രതി പൊലീസിനോട്‌ കുറ്റം സമ്മതിച്ചു. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. പ്രതി അരവിന്ദ് അമ്മയുമായി വാക്ക് തർക്കം ഉണ്ടായതിനെ തുടർന്നാണ് വെട്ടുകത്തി കൊണ്ട് വെട്ടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്നലെയായിരുന്നു സംഭവം. ഇളമ്പള്ളി സ്വദേശി സിന്ധു ആണ് മരിച്ചത്. സിന്ധുവിന്റെ മകൻ അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് മകൻ അരവിന്ദെന്ന് പൊലീസ് പറയുന്നു. പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപ്പന നടത്തുന്ന ആളാണ് സിന്ധു. ഇന്നലെ വൈകിട്ട് വീടിനകത്താണ് സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിന് അടുത്ത തന്നെ ഉണ്ടായിരുന്നു.

അരവിന്ദ് ലഹരിക്ക് അടിമയാണെന്ന് അമ്മയുടെ സഹോദരി ബിന്ദു ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു. അരവിന്ദ് വർഷങ്ങളായി ലഹരി ഉപയോഗിച്ചിരുന്നു. മുൻപ് പലതവണ ലഹരി ഉപയോഗിച്ച് വീട്ടിൽ വഴക്ക് ഉണ്ടാരുന്നു. പഠിക്കാൻ മിടുക്കൻ ആയിരുന്ന അരവിന്ദ് ബിഎഡ് പഠനം ഉപേക്ഷിച്ചത് ലഹരിക്ക് അടിമപ്പെട്ടാണ്. വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ച അരവിന്ദിനെ അമ്മ സിന്ധു കഷ്ടപ്പെട്ട് പണി എടുത്താണ് വളർത്തിയത്. കൊലപാതകത്തിനുള്ള കാരണം അറിയില്ലെന്നും അമ്മയുടെ സഹോദരി ബിന്ദു ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *