കോട്ടയം: ബിജെപിയിൽ ചേർന്ന ഓര്‍ത്തഡോക്‌സ് സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും നീക്കി. ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോഗിച്ചു.
ഇന്നലെ രാത്രിയിൽ ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം. ഓർത്തഡോക്സ് സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ പരാതികൾ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളിൽ കമ്മീഷൻ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകുവാനും തീരുമാനമായി.
നിലക്കൽ ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്തിരുന്ന് കൊണ്ട് ബി.ജെ.പിയിൽ ചേർന്ന ഫാ. ഷൈജുവിനെതിരെ വിശ്വാസികളുടെ ഭാഗത്ത് നിന്നും വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെ ഫാ. ഷൈജുവിനെതിരെ സഭ അദ്ധ്യക്ഷന് വിവിധ പരാതികളും ലഭിച്ചിരുന്നു. ഈ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ സഭ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുള്ളത്.