അതിർത്തി കടക്കാതെ ഭീകരരെ പാഠം പഠിപ്പിച്ച് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി. ബുധനാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാന്‍, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളിലെ ഭീകരവാദ ബന്ധമുള്ള കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന തിരിച്ചടി പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ ജമ്മു കാശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നുവെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മൂന്ന് സായുധ സേനകളുടെയും സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവയുടെ ആസ്ഥാനമായ പാകിസ്ഥാനിലെ ബഹവല്‍പൂര്‍, മുദ്രികെ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പഹല്‍ഗാം ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായിരുന്നു ഈ നടപടിയെന്നും പാകിസ്ഥാന്റെ പ്രതികരണത്തിന് അനുസരിച്ച് കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഇന്ത്യന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ വടക്കന്‍ ഭാഗങ്ങളില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ശ്രീനഗര്‍ വിമാനത്താവളം അടച്ചിട്ടതായി വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമൃത്സറിലേക്കുള്ള രണ്ട് എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.

ഇന്ത്യന്‍ തിരിച്ചടി കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഉപയോഗിച്ചു. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതമാണ് ഭീകരര്‍ക്കുണ്ടായത്. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. ആക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്
