കോട്ടയം: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരിൽ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യുവിന്റെ സസ്പെൻഷൻ പിൻവലിച്ചു. അഡ്വ. നോബിൾ മാത്യു നൽകിയ ഖേദപ്രകടനം പരിഗണിച്ചാണ് നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ നോബിള്‍ മാത്യു കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു.

ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നോബിള്‍ മാത്യുവിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ നോബിള്‍ മാത്യു സംസ്ഥാന കമ്മിറ്റിയോട് ഖേദപ്രകടനം നടത്തിയതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നായിരുന്നു നോബിള്‍ മാത്യു കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ ആരോപിച്ചത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിക്കുള്ളില്‍ ഗ്രൂപ്പ് പോരും വീതം വെയ്പ്പുമാണ് നടന്നത്. സുരേന്ദ്രന്‍ ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും തമ്മിലുള്ള വീതം വെയ്പ്പിന് പുറമെ രാജീവ് ചന്ദ്രശേഖറിന്റെ താല്‍പര്യങ്ങളും ഇതില്‍ പ്രതിഫലിച്ചുവെന്നും നോബിള്‍ മാത്യു പറഞ്ഞിരുന്നു. 11 വര്‍ഷമായി ബിജെപി പ്രവര്‍ത്തകനായ തനിക്ക് കാഞ്ഞിരപ്പള്ളിയില്‍ കുടുംബപരമായി സ്വാധീനമുണ്ടെന്നും മണ്ഡലവുമായി ബന്ധമില്ലാത്തയാളെയാണ് ഇവിടെ സ്ഥാനാര്‍ത്ഥി ആക്കിയതെന്നും നോബിള്‍ മാത്യു ആരോപിച്ചിരുന്നു.

കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. അവിടെയാണ് അപ്രതീക്ഷിതമായി ജോർജ് കുര്യനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ നോബിൾ മാത്യു വിമതനായി മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം അതിവേഗം നടപടി എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *