തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനായി ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനം ഒരുക്കുന്നു. ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഓരോ ജില്ലയിലും ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതി (District-level Medicine Availability Monitoring Team) രൂപീകരിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി

മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് വിവിധ ഇടങ്ങളില്‍ ഉയരുന്ന പരാതികള്‍ കൃത്യമായി പരിശോധിക്കുകയും യഥാര്‍ത്ഥ സ്ഥിതി നേരിട്ട് മനസ്സിലാക്കുകയും ചെയ്ത് മരുന്നുക്ഷാമം ഉണ്ടാകുന്നതിന് മുമ്പുതന്നെ പരിഹാര നടപടി സ്വീകരിക്കുന്നതിനായാണ് ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതി. അഡീഷണല്‍ ഡിഎംഒ (ഹെല്‍ത്ത്) അല്ലെങ്കില്‍ ഡെപ്യൂട്ടി ഡിഎംഒ (ഹെല്‍ത്ത്) സമിതിയുടെ കണ്‍വീനറായിരിക്കും. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ട്, അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ / ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസി സ്റ്റോര്‍ സൂപ്രണ്ട് / ഫാര്‍മസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, കെഎംഎസ്‌സിഎല്‍ വെയര്‍ഹൗസ് മാനേജര്‍ എന്നിവര്‍ സമിതി അംഗങ്ങളാകും. കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

സ്റ്റോക്കുണ്ട് എന്ന രേഖയിലെ കണക്കിനപ്പുറം രോഗിക്ക് മരുന്ന് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാന മാനദണ്ഡമെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. സ്റ്റോക്ക് നില മുന്‍കൂട്ടി നിരീക്ഷിച്ച് കുറവുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ് ഇടപെടുന്നതിനാണ് പുതിയ സംവിധാനമൊരുക്കുന്നത്. ആശുപത്രികളിലെ യഥാര്‍ത്ഥ സ്റ്റോക്ക്, രോഗികളുടെ എണ്ണം, മരുന്നുകളുടെ ഉപയോഗ നിരക്ക്, അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും ഉണ്ടാകാനിടയുള്ള ആവശ്യം, വിതരണത്തിലെ കാലതാമസം എന്നിവ ഒരുമിച്ച് വിലയിരുത്തും.

ജില്ലാതല സമിതി ആശുപത്രികളിലെ രേഖകളെ മാത്രം ആശ്രയിക്കാതെ ഫാര്‍മസികളിലും സ്റ്റോറുകളിലും നേരിട്ട് പരിശോധന നടത്തി മരുന്നുകളുടെ ലഭ്യത വിലയിരുത്തണം. ഒരു ആശുപത്രിയില്‍ ആവശ്യത്തിന് മരുന്ന് ലഭ്യമാണെന്ന് രേഖകളില്‍ കാണിച്ചാലും ഫാര്‍മസിയില്‍ സ്റ്റോക്ക് കുറവാണോ, വിതരണത്തില്‍ കാലതാമസമുണ്ടോ, നിലവിലുള്ള സ്റ്റോക്ക് എത്ര ദിവസത്തേക്ക് മതിയാകും തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം. ഒരു ആശുപത്രിയില്‍ ചില മരുന്നുകള്‍ അധികമായി ലഭ്യമാണെങ്കില്‍ അവ ആവശ്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുന്നതിനും സമിതി ഇടപെടും. നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് ആവശ്യമായ ആശുപത്രിയിലേക്ക് ലഭ്യമായ സ്റ്റോക്ക് പുനര്‍വിതരണം ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും. ഇതുവഴി അടിയന്തര സാഹചര്യങ്ങളില്‍ പുതിയ വിതരണത്തിനായി മാത്രം കാത്തുനില്‍ക്കാതെ ലഭ്യമായ മരുന്നുകള്‍ പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയും.

മരുന്നുകളുടെ ലഭ്യതയില്‍ പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്തം പരസ്പരം കൈമാറുന്ന സാഹചര്യം ഒഴിവാക്കി, പ്രശ്‌നം എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്തി അവിടെത്തന്നെ പരിഹരിക്കുകയാണ് ലക്ഷ്യം. ജില്ലാതല സമിതി ഓരോ ആഴ്ചയും നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ ജനറല്‍ ആശുപത്രികള്‍ വരെയുള്ള ആശുപത്രികളുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ കോളജുകളിലെ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും സമര്‍പ്പിക്കണം.

ഓരോ ആശുപത്രിയിലെയും ലഭ്യമായ മരുന്നുകളുടെ പട്ടിക, കുറവുള്ള മരുന്നുകള്‍, രോഗികളുടെ എണ്ണത്തിനനുസരിച്ചുള്ള ആവശ്യകത, അടുത്ത കാലയളവില്‍ ആവശ്യമായി വരാനിടയുള്ള മരുന്നുകള്‍, കുറവിന്റെ കാരണം, കെഎംഎസ്‌സിഎല്‍ വഴി ലഭിക്കാനുള്ള മരുന്നുകളുടെ വിവരം, സ്വീകരിച്ച പരിഹാര നടപടികള്‍ എന്നിവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ഗുരുതരമായ മരുന്നുക്ഷാമം കണ്ടെത്തിയാല്‍ പ്രതിവാര റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ല. വിഷയം ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് അടിയന്തരമായി ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനൊപ്പം, മരുന്നുകളുടെ ലഭ്യത സംബന്ധിച്ച പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയും വിതരണ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടെത്തി പരിഹരിക്കുകയും ചെയ്യുകയാണ് പുതിയ ജില്ലാതല നിരീക്ഷണ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You missed