നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ. ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്.

മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. ഹൃദയ ഭാഗം വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം കാണുന്നത്. മൃതദേഹം ഉടൻ പുറത്തെടുക്കും. മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കല്ലറ പൊളിക്കാൻ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടർ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്.

കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്.

There is no ads to display, Please add some