കാഞ്ഞിരപ്പള്ളിയിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നുവെന്ന് പരാതി. ടൗണിലും പരിസര പ്രദേശങ്ങളിലും നായ്ക്കൾ പെറ്റു പെരുകുകയാണ്. സ്കൂൾ പരിസരങ്ങളിലും നായകൾക്ക് കുറവില്ല. ഇതിനാൽ രക്ഷിതാക്കളും അധ്യാപകരും ഭീതിയിലാണ്. വിദ്യാർഥികളെ ധൈര്യത്തോടെ സ്കൂൾ വിടാൻ പോലും പേടിയാണ്.

അലഞ്ഞുതിരിയുന്ന നായ്ക്കൾ വിദ്യാർഥികളെയും സ്ത്രീകളെയും ആക്രമിക്കുമെന്ന ഭീതിയുമുണ്ട്. നാടാകെ തെരുവുനായ്ക്കൾ കീഴടക്കുമ്പോഴും ഫലപ്രദമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിച്ചിട്ടില്ലെന്ന പരാതിയും ഉണ്ട്.

പല തവണകളായി ബന്ധപ്പെട്ട അധികാരികൾക്കു പരാതി നൽകിയെങ്കിലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. കൂട്ടമായി നടക്കുന്ന നായ്ക്കളെ തുരത്തിയോടിക്കാൻ ശ്രമിച്ചാൽ അവ കൂടുതൽ അപകടകാരികളായി ആക്രമിക്കാൻ ശ്രമിക്കുന്ന പ്രവണതയും ഉണ്ടാകുന്നു.

കടത്തിണ്ണകളിലും മത്സ്യ-മാംസ വിൽപന കേന്ദ്രങ്ങൾക്കു സമീപവുമെല്ലാം തമ്പടിക്കുന്ന നായ്ക്കൾ ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാകുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണവും മറ്റും കാര്യക്ഷമമല്ലെന്ന പരാതിയും വ്യാപകമാണ്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
