പത്തനംതിട്ട: തിരുവല്ലയിൽ നവജാതശിശുവിന്റെ മരണം ക്രൂരകൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ക്ലോസറ്റിലായിരുന്നു പ്രസവം.
കുഞ്ഞിനെ മടിയിൽ കിടത്തി മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിക്കുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം എത്തിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
ഇരുപതുവയസ്സുകാരിയായ നീതു ഗർഭിണിയാണെന്ന വിവരം ഇവരുടെ ഹോസ്റ്റലിലെ അന്തേവാസികളോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. ഗർഭിണിയാണെന്നവിവരം യുവതി ഇവരിൽനിന്നെല്ലാം മറച്ചുവെയ്ക്കുകയായിരുന്നു.
തൃശ്ശൂർ സ്വദേശിയായ കാമുകനിൽനിന്നാണ് ഗർഭം ധരിച്ചതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകന് പങ്കുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.


