മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഉടൻ പൊതുജനങ്ങളുടെ യാത്രയ്ക്കായി നിരത്തുകളിൽ ഇറങ്ങും. കോഴിക്കോട്-ബെംഗളൂരു പാതയിൽ സർവീസ് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ സ്വീകരിക്കുമെന്നാണ് വിവരം. ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ബസ് ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനം ആകുന്നത്.

നവകേരള യാത്രയ്ക്ക് ശേഷം ഈ ബസ് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ബസിന്റെ പെർമിറ്റിൽ മാറ്റം വരുത്തിയത്. കോൺട്രാക്ട് ക്യാരേജ് ആയിരുന്ന പെർമിറ്റ് സ്റ്റേജ് ക്യാരേജ് ആക്കി മാറ്റം വരുത്തുകയായിരുന്നു. ടിക്കറ്റ് കൊടുത്ത് ആളുകൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ സർവീസ് നടത്തുന്ന ബസുകൾക്ക് നൽകുന്ന പെർമിറ്റാണ് ഇത്.അന്തർസംസ്ഥാന യാത്രയ്ക്കുള്ള പെർമിറ്റ് ഈ വാഹനത്തിന് എടുക്കുന്നതായിരിക്കും അടുത്ത നടപടി. പൊതുമേഖല സ്ഥാപനമായതിനാൽ തന്നെ കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് ഇതിൽ കാലത്താമസമുണ്ടാകാനിടയില്ലെന്നാണ് കരുതുന്നത്.

1.15 കോടി രൂപ മുതൽ മുടക്കിലാണ് ഭാരത് ബെൻസിന്റെ ഒ.എഫ്. 1624 ഷാസിയിൽ പ്രകാശ് ബോഡിയുമായി ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. രണ്ടാമത് ബസിൽ വരുത്തിയ മാറ്റത്തിനും ഒന്നരലക്ഷം രൂപയോളം ചെലവായിരുന്നു.സ്റ്റേജ് ക്യാരേജ് പെർമിറ്റിൽ സർവീസ് നടത്തുന്നതിനാവശ്യമായ മാറ്റങ്ങൾ ബസിനുള്ളിലും വരുത്തിയിട്ടുണ്ട്. സീറ്റുകളിൽ ഉൾപ്പെടെയാണ് ഈ മാറ്റങ്ങൾ. മുഖ്യമന്ത്രിക്ക് ഇരിക്കുന്നതിനായി നൽകിയിരുന്ന സീറ്റ് അഴിച്ചുമാറ്റിയിരുന്നു. നവകേരള സദസിന് ശേഷം ബസിനുള്ളിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി ഈ ബസിന്റെ ബോഡി നിർമിച്ച ബെംഗളൂരുവിലുള്ള പ്രകാശ് ബസ് ബോഡി ബിൽഡിങ്ങ് കമ്പനിയിലേക്ക് മാറ്റിയിരുന്നു.

നവകേരള സദസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പുറത്തിറങ്ങുന്നത്. ബസിനുള്ളിൽ മാറ്റങ്ങൾ വരുത്തുന്നതിനും മറ്റുമായി ജനുവരിയിൽ ഈ വാഹനം ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. മൂന്ന് മാസത്തോളമാണ് ബസ് അവിടെ കിടന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തീർക്കാവുന്ന പണികൾ മാത്രമുള്ള ബസ് മാസങ്ങളോളം അവിടെ കിടന്നത് അനാസ്ഥകൊണ്ടാണെന്ന് വിമർശനം ഉയർന്നിരുന്നു. ഒരു മാസം മുമ്പ് ബസ് പാപ്പനംകോട് സെൻട്രൽ വർക്സിൽ എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *