അഹമ്മദാബാദ്: ഗുജറാത്തിലെ ദ്വാരക ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് ദ്വാരക. കൃഷ്ണന്റെ മരണത്തോടെ ദ്വാരക കടലെടുത്ത് പോയതായി പുരാണങ്ങളില്‍ പറയുന്നു.

അറബിക്കടലില്‍ മുങ്ങിപ്പോയ ഈ നഗരം സ്ഥിതി ചെയ്തിരുന്നതായി പറയപ്പെടുന്ന സ്ഥലത്താണ് കടലില്‍ മുങ്ങി പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തിയത്. കടലിനടിയിൽ പ്രാർത്ഥന നടത്തുന്ന ചിത്രങ്ങളടക്കം എക്സിൽ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വാർത്ത പങ്കുവെച്ചത്. കൃഷ്ണന് സമർപ്പിക്കാൻ മയിൽപ്പീലികളുമായാണ് പ്രധാനമന്ത്രി കടലിൽ മുങ്ങിയത്.

സമയത്തിനും കാലത്തിനും അതീതമായ ഭക്തിയാണ് കടലിനടിയിൽ അനുഭവപ്പെട്ടതെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ പറഞ്ഞു.’സമുദ്രത്തിൽ മുങ്ങിപ്പോയ ദ്വാരക നഗരത്തിലെത്തി പ്രാർത്ഥിക്കുക എന്നത് ഭക്തിനിർഭരമായ അനുഭവമായിരുന്നു. ആധ്യാത്മിക പെരുമയുടെയും കാലാതീതമായ ഭക്തിയുടെയും പുരാതനയുഗത്തിലേക്ക് അടുപ്പിക്കപ്പെട്ടതായി എനിക്ക് അനുഭവപ്പെട്ടു. ഭഗവാൻ കൃഷ്ണൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ’, പ്രധാനമന്ത്രി എക്സിൽ കുറിച്ചു. കടലിനടിയിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You missed