മുണ്ടക്കയം: മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പില്‍ വീണവരില്‍ വിദേശത്തുള്ളവരും. ഇപ്പോഴും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നു ഇടവക ജനങ്ങള്‍. ഇതിനോടകം നിരവധി പേരാണു പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മുണ്ടക്കയം പോലീസിനെ സമീപിച്ചത്. ഒന്നരലക്ഷത്തോളം രൂപ സംഘം കൈക്കലാക്കിയതായാണ് പ്രാഥമിക വിവരം. ഇതിനിടെ ഇടവകാംഗങ്ങളായ കൂടുതല്‍ പേരുടെ വാട്‌സ്‌ആപ്പുകളും ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ട്.

മുണ്ടക്കയം ഇഞ്ചിയാനിയിലുള്ള പള്ളിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീയുടെ വാട്‌സാപ്പ് നമ്ബര്‍ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടന്നുവരുന്നത്. മതപരമായ ചടങ്ങില്‍ പങ്കെടുക്കാനുള്ളതെന്ന പേരില്‍ ഫോണിലേക്ക് അയച്ചു കിട്ടിയ ലിങ്കില്‍ കന്യാസ്ത്രീ ക്ലിക്ക് ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തട്ടിപ്പുകാര്‍ക്ക് ഫോണിലെ വാട്‌സാപ്പിന്റെയും കോണ്‍ടാക്ടുകളുടെയും ആക്‌സസ് കിട്ടി. പിന്നാലെ ഇടവകാംഗങ്ങള്‍ക്കു പണം ആവശ്യപ്പെട്ടു മെസേജുകള്‍ ലഭിക്കുകയായിരുന്നു.

ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പില്‍ നിന്ന് തട്ടിപ്പുകാര്‍ പലരോടും പണം ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. പണം അയച്ചു നല്‍കിയവര്‍ പിന്നീട് സംശയം തോന്നി കന്യാസ്ത്രീയുടെ ഫോണിലേക്ക് വിളിച്ചതോടെയാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുകയും പരാതിപ്പെടുകയും ചെയ്തത്. മുണ്ടക്കയം പോലീസിലും, സൈബര്‍ സെല്ലിലും പരാതി നല്‍കി. എന്നാല്‍ ഇപ്പോഴും പലര്‍ക്കും പണം ആവശ്യപ്പെട്ട് പലര്‍ക്കും മെസേജ് വരുന്നുണ്ട്. വിദേശത്തുള്ള നിരവധി പേരാണ് മെസേജ് കണ്ടു പണം അയച്ചു നല്‍കിയത്
