ന്യൂഡൽഹി: കാലവർഷം മെയ് അവസാത്തോടെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ കാലവർഷം ബംഗാൾ ഉൾക്കലിലെ ആന്തമാൻ-നിക്കോബാർ ദ്വീപുകളിലും ആന്തമാൻ കടലിലും എത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.മെയ് 31-ഓടെ കാലവർഷം കേരളത്തിലെത്തും.
2023-ൽ ജൂൺ 8-നാണ് കാലവർഷം കേളത്തിലെത്തിയത്. 2022-ൽ മെയ് 29-നും, 2021-ൽ ജൂൺ മൂന്നിനും 2020-ൽ ജൂൺ ഒന്നിനുമാണ് കേരളത്തിൽ കാലവർഷമെത്തിയത്. ലാ-നിനാ പ്രതിഭാസം നിലനിൽക്കുന്നതിനാൽ ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ഇന്ത്യയിൽ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
150 വർഷത്തിനിടെ കേരളത്തിൽ കാലവർഷമെത്തുന്ന തീയതികളിൽ വലിയ മാറ്റംവന്നിട്ടുണ്ട്. 1918-ൽ മെയ് 11-നാണ് കാലവർഷമെത്തിയത്. ഇത് ചരിത്രത്തിലെ ഏറ്റവും നേരത്തേയെത്തിയ കാലവർഷമാണ്. 1972-ൽ ജൂൺ 18-നാണ് കേരളത്തിൽ കാലവർഷമെത്തിയത്. ഇതാണ് ഏറ്റവും വൈകിയെത്തിയ കാലവർഷം.
ഇത്തവണ രാജ്യത്ത് വേനൽ ശക്തമായിരുന്നു. ഇന്ത്യയിലെ പലഭാഗങ്ങളിലും അതിതീവ്ര ചൂടാണ് രേഖപ്പെടുത്തിയത്. പല സംസ്ഥാനങ്ങളിലും 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.

