പത്തനംതിട്ട: തിരുവല്ല കാവുംഭാഗത്തുനിന്നു കാണാതായ ഒൻപതാം ക്ലാസുകാരി തിരിച്ചെത്തി. ഞായറാഴ്ച പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ടു യുവാക്കളെയും പൊലീസ് പിടികൂടി.തൃശൂർ സ്വദേശികളായ അതുലും അജിലുമാണ് പിടിയിലായത്. ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ മുതലാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് എന്നു പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ പിന്നീടു കാണാതാവുകയായിരുന്നു. ഉച്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് കുട്ടിയടെ അമ്മ സ്കൂളിലും പിന്നീട് ട്യൂഷൻ ക്ലാസിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ബന്ധുവീടുകളിലും എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. ഇതിൽ കുട്ടി രണ്ട് ആൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ചിത്രം ഉൾപ്പെടെ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. യുവാക്കളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *

You missed