ഫുട്ബോൾ പ്രേമികളുടെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന്റെ കടുത്ത ആരാധകരിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ. ആ ആരാധകന് ഇന്നൊരു ഗിഫ്റ്റ് കിട്ടി. അതാണ് സോഷ്യൽ മീഡിയയെ ഒന്നാകെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. സാക്ഷാല്‍ ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്‌സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

പ്രിയ താരത്തിന്റെ ജേഴ്സി കയ്യിൽ കിട്ടിയ സന്തോഷം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയും ചെയ്തു. ‘ഡിയര്‍ ലാലേട്ടാ’ എന്നാണ് ജേഴ്സിയിൽ മെസി എഴുതിയിരിക്കുന്നത്. ഡോ. രാജീവ് മാങ്കോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവർ ചേർന്നാണ് മോഹൻലാലിന് ഇത്തരമൊരു അപൂർവ്വ സമ്മാനം നൽകിയത്. അവർക്ക് അകമഴിഞ്ഞ നന്ദിയും മോഹൻലാൽ അറിയിക്കുന്നുണ്ട്.
“ജീവിതത്തിലെ ചില നിമിഷങ്ങൾ അങ്ങനെയാണ്. വാക്കുകൾക്ക് അതീതമായിരിക്കും. അത് എന്നും നിങ്ങളോടൊപ്പം ഉണ്ടാകുകയും ചെയ്യും. ഇന്ന് അത്തരമൊരു നിമിഷം എനിക്ക് ലഭിച്ചു. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാന്‍ തുറന്നു നോക്കി. പെട്ടെന്ന് എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസതാരം ലയണല്‍ മെസി ഒപ്പുവെച്ച ജേഴ്‌സി. അതില്‍ എന്റെ പേരും എഴുതിയിരിക്കുന്നു”, എന്നാണ് മോഹൻലാൽ സന്തോഷം പങ്കിട്ട് കുറിച്ചത്.

There is no ads to display, Please add some