കൊച്ചി: വിവാഹം ഉറപ്പായും നടക്കുമെന്ന് പറഞ്ഞ് യുവാവിനെ കൊണ്ട് അംഗത്വമെടുത്തശേഷം വാഗ്ദാനം നിറവേറ്റാത്ത മാട്രിമോണിയല്‍ സൈറ്റിനെതിരെ ഉപഭോക്തൃകോടതി നടപടി. വിവാഹ വെബ്‌സൈറ്റ് അധികൃതര്‍ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. കൊച്ചിയിലെ സ്ഥാപനത്തിനെതിരേ ചേര്‍ത്തല സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.

2018 ഡിസംബറില്‍ ഫ്രീയായി പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു ശേഷം തുക നല്‍കിയാലേ വധുവിന്റെ വിവരങ്ങള്‍ നല്‍കുകയുള്ളൂവെന്ന് അറിയിച്ചു. രജിസ്റ്റര്‍ ചെയ്താല്‍ വിവാഹം നടത്തുന്നതിനു വേണ്ടി എല്ലാ സഹായവും വാഗ്ദാനം നല്‍കി. 4,100 രൂപ ഫീസായി ഈടാക്കി.എന്നാല്‍, പണം നല്‍കിയതിനു ശേഷം തുടര്‍ന്നുള്ള ഫോണ്‍വിളികള്‍ക്ക് മറുപടിയുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. ഓഫീസില്‍ പോയി പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും യുവാവ് പരാതിയില്‍ പറയുന്നു.

2019 ജനുവരി മുതല്‍ മൂന്നുമാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജില്‍ യുവാവ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണ് സേവന കാലയളവില്‍ വിവാഹം ഉറപ്പുനല്‍കിയിരുന്നില്ലെന്നുമാണ് മാട്രിമോണി അധികൃതരുടെ വാദം. എന്നാല്‍ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിപ്പിച്ച ശേഷം ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിവാകുന്ന നടപടി അധാര്‍മിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കമ്മിഷന്‍ വിലയിരുത്തി.

രജിസ്‌ട്രേഷന്‍ ഇനത്തില്‍ ഈടാക്കിയ 4100 രൂപയും നഷ്ടപരിഹാരമായി 28,000 രൂപയും പരാതിക്കാരന് നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് ഉത്തരവ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed