10 വർഷം മുമ്പ് ഹൃദയം മാറ്റിവച്ച് വാർത്തകളിൽ ഇടംപിടിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ(57) അന്തരിച്ചു. 2015 ജൂലൈ 24നാണ് ഹൃദയം മാറ്റിവച്ചത്. നാവികസേന ഹെലികോപ്റ്ററിലാണ് അന്ന് ഹൃദയം എത്തിച്ചത്. ഓട്ടോഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്നു. നാൽപത്തിയേഴാം വയസിലാണ് ഹൃദയം മാറ്റിവച്ചത്.

2015 ജൂലൈ 24ന് തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠശർമക്കു മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റി വയ്ക്കൽ അനിവാര്യമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശി ഓട്ടോ ഡ്രൈവർ മാത്യു അച്ചാടനു നിലകണ്‌ഠ ശർമയുടെ ഹൃദയം യോജ്യമാണെന്നു പരിശോധനയിൽ തെളിഞ്ഞു.

ഹൃദയം തിരുവനന്തപുരത്ത് നിന്ന് 210 കിലോമീറ്റർ അകലെ കൊച്ചിയിൽ അഞ്ചു മണിക്കൂറിനുള്ളിൽ എത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കണമെന്ന് ഡോക്ട‌ർമാർ പറഞ്ഞു. റോഡ് മാർഗം പ്രായോഗികമല്ല. ആകാശ മാർഗം എത്തിക്കുന്നതിനെ കുറിച്ചായിരുന്നു പിന്നീടുള്ള ചർച്ച. വിവരം അറിഞ്ഞ ഉമ്മൻചാണ്ടി ഇടപെട്ട് കൊച്ചിയിൽ നിന്ന് എയർഫോഴ്‌സിന്റെ എയർ ആംബുലൻസ് സജ്‌ജമാക്കി. ഇതിനുള്ള ഫയലുകൾ പൂർത്തിയായപ്പോൾ രാത്രി 12ന് തന്നെ ഉത്തരവിറങ്ങി.

കൊച്ചിയിൽ നിന്ന് പ്രശസ്‌ത ഹൃദ്രോഗ വിദഗ്‌ധൻ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ തിരിച്ച ആംബുലൻസ് തീരുവനന്തപുരത്ത് എത്തി. ശസ്ത്രക്രിയ്ക്കു ശേഷം രാത്രി 7.00ന് മിടിക്കുന്ന ഹൃദയവും പേറി ആംബുലൻസ് കൊച്ചിയിൽ ഇറങ്ങി. നേവൽ ബേസിൽ നിന്ന് ആശുപത്രിയിലേക്ക് 12 കിലോമീറ്റർ ദൂരം പിന്നിടാൻ വേണ്ടി വന്നത് 13 മിനിറ്റുകൾ മാത്രം. രാത്രി 7.45ന് തുടങ്ങിയ ശസ്ത്രക്രിയ പൂർത്തിയാകാൻ എഴു മണിക്കൂർ വേണ്ടി വന്നു. ഹൃദയമിടിപ്പോടെ സംസ്ഥാനം ഉറ്റുനോക്കിയ ആ യാത്ര കൂടിയായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *