ആലപ്പുഴ: ആലപ്പുഴയിൽ കാണാതായ മാന്നാർ സ്വദേശിയായ യുവതിയുടെ മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കാണാതായ കലയുടെ ഭർത്താവ് അനിൽകുമാറിൻ്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹാവശിഷ്‌ടം എന്ന് സംശയിക്കുന്ന വസ്‌തുക്കൾ കണ്ടെത്തിയത്.
18 വർഷം മുൻപ് മാവേലിക്കര മാന്നാറിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ കലയെ കൊന്നുകുഴിച്ചുമൂടിയെന്ന സൂചനയെ തുടർന്ന് മൃതദേഹം കണ്ടെത്താനുള്ള പൊലീസ് നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കലയെ കുഴിച്ചിട്ടെന്ന കരുതുന്ന ഇലമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്‌ടങ്ങൾ എന്ന് സംശയിക്കുന്ന വസ്‌തുക്കൾ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ ഈ അവശിഷ്ടങ്ങൾ കലയുടേതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.
സെപ്റ്റിക് ടാങ്കിൻ്റെ സ്ലാബ് തുറന്ന് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കലയുടെ ഭർത്താവ് അനിൽ കുമാറിൻ്റെ സഹോദരീഭർത്താവ് അടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇസ്രായേലിലുള്ള കലയുടെ ഭർത്താവായ അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ഇരുസമുദായത്തിലുള്ള കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഈ വിവാഹത്തിൽ അനിലിൻ്റെ വീട്ടുകാർക്ക് കടുത്ത എതിർപ്പുണ്ടായിരിക്കുന്നതായും വിവരമുണ്ട്. ഇവരുടെ വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കലയെ ബന്ധുവീട്ടിലായിരുന്നു അനിൽ താമസിപ്പിച്ചിരുന്നത്. ഇവർക്ക് ഒരു മകനുമുണ്ട്.
കലയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന അനിലിന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. വഴക്കിനെ തുടർന്ന് വിനോദയാത്ര പോകാമെന്ന വ്യാജേന കാർ വാടകക്കെടുത്ത് കലയുമായി കുട്ടനാട് ഭാഗങ്ങളിലേക്ക് യാത്രപോയ അനിൽ ബന്ധുക്കളായ ചിലരെ വിളിച്ചുവരുത്തി കാറിൽവച്ച് തന്നെ കലയെ കൊലപ്പെടുത്തിയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിടുകയായിരുന്നു എന്നാണ് സൂചന.
മൂന്ന് മാസത്തിന് മുൻപ് ഇത് സംബന്ധിച്ച് അമ്പലപ്പുഴ പോലീസിൽ ഒരു ഊമക്കത്ത് ലഭിച്ചതാണ് വഴിത്തിരിവായത്. കേസിലെ പ്രതിയായ ഒരാൾ നേരത്തെ ഭാര്യയെയും മക്കളെയും പെട്രോളൊളിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചതായും ‘അവളെ തീർത്ത പോലെ നിന്നെയും തീർക്കും’ എന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് വിവരം ലഭിച്ചു. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
There is no ads to display, Please add some