അടിമാലി: മാങ്കുളത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ വനപാലകർക്കും നാട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്. ഡി.എഫ്.ഒയുടെ പരാതിയിലാണ് നാട്ടുകാർക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിൽ ഡി.എഫ്.ഒ സുഭാഷ് അടക്കമുള്ള വനപാലകർക്കെതിരെയും കേസെടുത്തു.

വനപാലകർ മർദ്ദിച്ചുവെന്ന് ആരോപിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാങ്കുളത്ത് നാളെ ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. ഡി.എഫ്ഒ ഓഫീസ് മാർച്ചുമുണ്ടാകും. ജനപ്രതിനിധികളെ ഉൾപ്പെടെ വനപാലകർ മർദ്ദിച്ചുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച് പവലിയനുമായി ബന്ധപ്പെട്ടാണ് ഇന്നലെ തർക്കവും സംഘർഷവുമുണ്ടായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ ജോസഫ്, പഞ്ചായത്തംഗം അനിൽ ആന്റണി എന്നിവരെ പരിക്കുകളോടെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഡിഎഫ്ഒ അടക്കമുള്ളവരെ തടഞ്ഞുവച്ചിരുന്നു. കേസെടുക്കാമെന്ന പോലീസ് ഉറപ്പിനെ തുടർന്നാണ് രാത്രി ഏഴു മണിയോടെ പ്രതിഷേധക്കാർ പിന്മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *