കുട്ടികള്‍ക്ക് വെക്കേഷന്‍ ആരംഭിച്ചിരിക്കുകയാണ്. അവധി ദിനങ്ങളില്‍ കുട്ടികളെയും കൊണ്ട് വിനോദയാത്ര പോകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ചുരുക്കമായിരിക്കും. അത്തരത്തില്‍ അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. വിനോദയാത്ര പോകാന്‍ വീട് പൂട്ടി യാത്ര പോകുന്നവര്‍ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House Information’ സൗകര്യം വിനിയോഗിക്കണം.

വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


