കൊച്ചി: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച സ്വവർഗപങ്കാളിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം മുണ്ടക്കയം സ്വദേശിയായ പങ്കാളി നല്‍കിയ ഹർജിയില്‍ പൊലീസിന്‍റെയും സ്വകാര്യ ആശുപത്രിയുടെയും വിശദീകരണം തേടി ഹൈക്കോടതി.

നാളെ മറുപടി നല്‍കാൻ സിംഗിള്‍ ബഞ്ച് നിർദ്ദേശം നല്‍കി. കൊച്ചി ആസ്റ്റർ മെഡിസിറ്റിയില്‍ കഴിഞ്ഞ ഞായറാഴ്ച മരിച്ച മനുവിന്‍റെ മൃതദേഹം ഏറ്റെടുക്കാൻ അനുമതി തേടിയാണ് പങ്കാളിയായ ജെബിൻ കോടതിയെ സമീപിച്ചത്.

മനുവുമായി അകന്ന് നില്‍ക്കുന്ന ബന്ധുക്കള്‍ ആശുപത്രിയിലെ ചികിത്സാ ചെലവ് നല്‍കിയെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.

ഇതേ തുടർന്നാണ് ഒരു വർഷമായി ഒരുമിച്ച്‌ കഴിയുന്ന ജെബിൻ ആശുപത്രിയെ സമീപിച്ച്‌ മൃതദേഹം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അനന്തരാവകാശി ആണെന്നതിന് രേഖകളില്ലാത്തതിനാല്‍ മൃതദേഹം വിട്ട് നല്‍കാതെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് യുവാവ് കോടതിയിലെത്തിയത്. കേസില്‍ ബന്ധുക്കളുടെ നിലപാട് അറിയിക്കാൻ കളമശ്ശേരി പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി അധികൃതരും നാളെ വിശദീകരണം നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *